വേണുജി, കൈതപ്രം, ജയപ്രകാശ് കൂളൂര് എന്നിവര്‍ക്ക് ഫെലോഷിപ്പ്
കേരള സംഗീത നാടക അക്കാദമിയുടെ 2025 ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യന് വേണുജി, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം, നാടക സംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കുളൂര്‍ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍ സമഗ്രസംഭാവനകള്‍ നല്കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്.50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.
2025 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു.ജീവിതം കലാപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കുകയും പല കലാതലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്ത മുതിര്‍ന്ന കലാപ്രതിഭകളെയാണ് ഗുരുപൂജ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
അവാര്‍ഡ്, ഗുരുപൂജാ പുരസ്കാര ജോതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പുരസ്കാര സമര്‍പ്പണ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു
വേണുജി
നാട്യകലയുടെ ആചാര്യനായ വേണുജി 1945ല്‍ ജനിച്ചു. ചെറുപ്രായത്തില്‍തന്നെ ഗുരുകുലസമ്പ്രദായത്തില്‍ കഥകളി അഭ്യസിച്ചു. കഥകളിയിലെ തെക്കന്‍ ചിട്ടയിലായിരുന്നു പ്രാഥമിക പരിശീലനം. കഥകളി പരിശീലനത്തിന് കേന്ദ്രഗവണ്മെന്റിന്റെ സ്കോളര്‍ഷിപ്പ് ലഭിച്ചു. 1986 ല്‍ കഥകളിയിലെ മുദ്രാഭിനയം സംബന്ധിച്ച ഗ്രന്ഥരചന
നടത്തി. നാട്യപരിശീലനത്തിനായി 1975ല്‍ നടനകൈരളി സ്ഥാപിച്ചു. 1978ല്‍ കഥകളിമുദ്ര എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.
ജീവിതപങ്കാളിയും മോഹിനിയാട്ട നര്‍ത്തകിയുമായ നിര്മ്മലാപണിക്കരുമായി ചേര്‍ന്ന് കഥകളിയും മോഹിനിയാട്ടവും സമന്വയിപ്പിച്ചുകൊണ്ട് പുതിയ ആഖ്യാനങ്ങള്‍ ഉണ്ടാക്കി. 1977 മുതല്‍ ഗുരു അമ്മന്നൂര്‍ മാധവചാക്യാരുമായി ചേര്‍ന്ന് കൂടിയാട്ടത്തിന്റെ അഭിനയസങ്കേതങ്ങളും ആഖ്യാനവഴികളും സൂക്ഷ്മമായി മനസ്സിലാക്കി. അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലം സ്ഥാപിക്കുന്നതിനുവേണ്ടി നേതൃത്വം കൊടുത്തു. 1984ല്‍ കൂടിയാട്ടം അരങ്ങേറ്റം
നടത്തി. കലാതപസ്യയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലണ്ട്, പോളണ്ട്, ജപ്പാന് തുടങ്ങിയ വിദേശരാജ്യങ്ങളിലും യാത്രചെയ്തു.
തോല്‍പ്പാവക്കൂത്ത്, പാവകഥകളി, എന്നീ പാരമ്പര്യ അവതരണങ്ങളിലും അവഗാഹമുണ്ട്. പപ്പറ്റ് തിയറ്ററുമായി വിവിധ ലോകരാജ്യങ്ങളില്‍ സഞ്ചരിച്ചു. ഇന്ത്യന്‍ ക്ലാസിക്കല്‍ കലകളിലെ അഭിനയ പരിശീലനത്തിനായി ഇരിങ്ങാലക്കുടയില്‍ അഭിനയകളരി (International Acting Laboratory) സ്ഥാപിച്ചു.
സാംസ്കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെലോഷിപ്പ്, സീനിയര്‍ ഫെലോഷിപ്പ്, ഹോമിബാബ ഫെലോഷിപ്പ് എന്നിവ ലഭിച്ചു. കൂടിയാട്ടം, കഥകളി, ക്ലാസ്സിക്കല്‍ ഡാന്‍സ്, ഫോക്ആര്ട്ട് എന്നീ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യമുളള നാട്യാചാര്യനാണ് വേണുജി. നടന്മാര്ക്കും നര്ത്തകര്ക്കുമായി നവരസസാധന എന്ന അഭിനയ പരിശീലന പദ്ധതി രൂപപ്പെടുത്തി. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, അമ്മന്നൂര്‍ മാധവ ചാക്യാര്‍ ലൈഫ് ടൈം അച്യിവ്മെന്റ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ നിരവധി ബഹുമതികള്‍ ലഭിച്ചു.
കൈതപ്രം
കൈതപ്രം എന്ന പേര് കലാലോകത്ത് അത്രമേല്‍ പരിചിതമാണ്. മലയാളത്തിലെ ഏറെ പ്രശസ്തനായ കവിയും ഗാനരചയിതാവും നടനും സംഗീതസംവിധായകനും തിരക്കഥാകൃത്തും എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായ മഹാപ്രതിഭയുടെ പേരാണ് കൈതപ്രം. പ്രാഥമിക വിദ്യാഭ്യാസത്തിനോടൊപ്പം കര്‍ണാടകസംഗീതം അഭ്യസിച്ചു.
വിദ്യാഭ്യാസത്തിനുശേഷം മാതൃഭൂമി ദിനപത്രത്തില്‍ പ്രൂഫ്റീഡറായി ജോലി ചെയ്തു. 1985ല്‍ ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് ആദ്യം ഗാനരചന നിര്‍വ്വഹിച്ചത്. ഈ ചിത്രത്തിലെ ദേവദുന്ദുഭി സാന്ദ്രലയം എന്നഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രായഭേദമന്യേ എല്ലാ ആസ്വാദകരുടെയും മനസ്സില്‍ ചിരപ്രതിഷ്ഠനേടിയ ഒട്ടേറെ ഗാനങ്ങള്‍ കൈതപ്രം രചിച്ചിട്ടുണ്ട്. മികച്ച സാഹിത്യഗുണവും ആലാപന ചാതുരിയുമുളള ഗാനങ്ങള്‍കൊണ്ട് മലയാള ചലച്ചിത്ര ഗാനത്തെ നവീകരിച്ചതില്‍ കൈതപ്രം
മുന്‍പന്തിയിലാണ്. 300ലേറെ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ചു. 20ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചു. 1993ലും 1996ലും മികച്ച ഗാനരചനക്കുളള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1997ല്‍ കാരുണ്യത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീത സംവിധായകനുളള സംസ്ഥാന പുരസ്കാരവും ലഭിച്ചു. തീചാമുണ്ടി, കൈതപ്രം കവിതകള്‍, തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 2021ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
ജയപ്രകാശ് കുളൂര്‍
മലയാള നാടകത്തില്‍ സ്വതന്ത്രമായ ശൈലികൊണ്ട് ലബ്ധപ്രതിഷ്ഠ നേടിയ പ്രതിഭയാണ് ജയപ്രകാശ് കുളൂര്‍. അരനൂറ്റാണ്ടിലേറെക്കാലമായി മലയാള നാടക സിനിമാമേഖലയിലും സജീവ സാന്നിദ്ധ്യമാണ്. ഏറെ ലളിതമെന്ന് തോന്നുമെങ്കിലും ജീവിതാവസ്ഥകളുടെ സങ്കീര്‍ണ്ണതകളെ അതുപോലെതന്നെ അരങ്ങിലെത്തിക്കുന്ന നാടക സങ്കേതമായിരുന്നു ജയപ്രകാശ് കുളൂരിന്റേത്. അരങ്ങിലെ പരീക്ഷണങ്ങളിലൂടെ ജയപ്രകാശ് കുളൂരിന് മാത്രം സാധ്യമാകുന്ന രംഗപ്രയോഗങ്ങള്‍ കേരളത്തിലെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുവാങ്ങി.
500ലധികം ഹ്രസ്വ നാടകങ്ങളിലൂടെ കുളൂരിയന്‍ തിയേറ്റര്‍ എന്ന ഒരു പ്രസ്ഥാനത്തിന് തന്നെ തുടക്കമിട്ടു. നിരവധി റേഡിയോ നാടകങ്ങളുടെയും പ്രൊഫഷണല്‍ അമേച്വര്‍
നാടകങ്ങളുടെയും രചന നിര്‍വ്വഹിച്ചു. വക്കാലത്ത് നാരായണന്‍കുട്ടി, പോപ്പിന്‍സ്, ആസ്വാദകന് തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി തിരക്കഥ രചിച്ചു. പലേരി മാണിക്യം, അന്നയും റസൂലും, കിസ്മത്ത്, ബാപ്പുട്ടിയുടെ നാമത്തില്‍ തുടങ്ങി മുപ്പതിലധികം സിനിമകളില്‍
അഭിനയിച്ചു.
സൂര്യഫെസ്റ്റിവലില്‍ 75ഓളം കര്ട്ടന് റൈസര്‍ നാടകങ്ങളും ലഘുനാടകങ്ങളും അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്, നിലമ്പൂര്‍ ബാലന് പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
അവാര്‍ഡ്
1. ഡോ.എന്‍.ജെ.നന്ദിനി – ശാസ്ത്രീയസംഗീതം
2. സി.എസ്.അനുരൂപ് – വയലിന്
3. പ്രൊഫ.കലാമണ്ഡലം കൃഷ്ണകുമാര്‍ – മൃദംഗം
4. ഷോമി ഡേവിസ് – ഡ്രംസ്, പാശ്ചാത്യവാദ്യങ്ങള്
5. ജെന്‍സി – ലളിതസംഗീതം
6. ഗായത്രി അശോകന് – ഹിന്ദുസ്ഥാനി ക്ലാസിക്കല്‍
7. കക്കാട് രാജപ്പന് മാരാര്‍ – ചെണ്ട
8. ചിത്ര സുകുമാരന്‍ – മോഹിനിയാട്ടം
9. ഷഫീക്കുദ്ദീന്‍.ബി.കെ – ഭരതനാട്യം
10. മനോജ് നാരായണന് – നാടകം, സംവിധാനം
11. സീത ശശിധരന് – നൃത്തം
12. കലാമണ്ഡലം സന്ധ്യ രാമചന്ദ്രന് – നാടകം – നടി
13. മനോജ് കോതമംഗലം – നാടകം – നടന്
14. തേക്കട ശ്യാംലാല്‍ – നൃത്തനാടകം
15. വിജയന് കടമ്പേരി – നാടകം – രംഗശില്പം
16. രാജീവ് നരിക്കല്‍ – കഥാപ്രസംഗം
17. ഡോ.ജോയ് കൃഷ്ണന് – കേരള നടനം
18. സൈനന്‍ കെടാമംഗലം – മിമിക്രി
ഗുരുപൂജ പുരസ്കാരം
1. സി.എസ്.നാരായണന് നമ്പൂതിരി – കര്‍ണ്ണാടക സംഗീതം (വായ്പ്പാട്ട്)
2. പ്രൊഫ.ആര്.മനോജ് കുമാര്‍- വയലിന്
(തൊടുപുഴ മനോജ് കുമാര്‍)
3. കരുനാഗപ്പളളി കൃഷ്ണന്‍കുട്ടി – നാടകം (കൊല്ലം)
4. സുലോചന.എന്‍ – നാടകം – നടി (കോട്ടയം)
5. മോഹന്‍ കൃഷ്ണന് – നാടകം (എറണാകുളം)
6. പറവൂര്‍ വിശ്വനാഥന് – പുല്ലാങ്കുഴല്‍ (ആലപ്പുഴ)
7. കവിയൂര്‍ സദാശിവ മാരാര്‍ – പഞ്ചവാദ്യം, തിമില
8. ആര്യാട് വല്ലഭദാസ് – കഥാപ്രസംഗം
9. കെ.ആര്.മോഹന്‍ദാസ് – നാടകസംവിധാനം (കോഴിക്കോട്)
10. കെ.സി.കൃഷ്ണന് പയ്യന്നൂര്‍ – നാടകം – നടന് (കണ്ണൂര്‍)
11. കലാഭവന്‍ റഹ്മാന് – മിമിക്രി
12. ശിവന് അയോദ്ധ്യ – നാടകം – നടന് (ആലപ്പുഴ)
13. പേരാമംഗലം വിജയന് – കൊമ്പ്
14. തേക്കടി രാജന് – ലളിതസംഗീതം
15. ഉഷാധരന്‍ – നാടകം – നടന്
16 ഏഷ്യാഡ് ശശി മാരാര്‍ – ഇലത്താളം
17. ശാലു മേനോന് – നൃത്തനാടകം
18. സി.ആര്.രമാദേവി – നാടകം – നടി
19. എല്‍.തങ്കമ്മ (ആലപ്പി തങ്കം) – നാടകം – നടി
20. കലാനിലയം ഗോപി – കഥകളി വേഷം
21. കലാമണ്ഡലം ശ്രീകുമാര്‍ – കഥകളി വേഷം
22. തൃശ്ശൂര്‍ ജനാര്ദ്ദനന് – സംഗീതം, നൃത്തം
ചിറയിന്‍കീഴ് ഡോ.ജി ഗംഗാധരന് നായര്‍ പുരസ്കാരം നിധീഷ് പൂക്കാടിന്
അമേച്വര്‍ നാടകരംഗത്തെ മികച്ച രംഗശില്പിക്കുള്ള 2025 ലെ ചിറയിന്‍കീഴ് ഡോ.ജി ഗംഗാധരന് നായര്‍ പുരസ്കാരം നിധീഷ് പൂക്കാടിന് ലഭിച്ചു.30,000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.ചിറയിന്‍കീഴ് ഡോ.ജി ഗംഗാധരന് നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പത്നി കാഞ്ചന.കെ അക്കാദമിയുമായി സഹകരിച്ചാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.
അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍പേഴ്സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി,വൈസ് ചെയര്‍പേഴ്സണ്‍ പുഷ്പവതി പി.ആര്, അക്കാദമി നിര്‍വ്വാഹക സമിതി അംഗം രേണു രമാനാഥ് എന്നിവര്‍ സംബന്ധിച്ചു.
