തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരത്തിന് (2026) പ്രമുഖ സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കവി കെ.ജി.എസ്. അധ്യക്ഷനും കൽപറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാജോസഫ് എന്നിവർ അംഗങ്ങളും എം.പി. സുരേന്ദ്രൻ മെംബർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാരജേതാവിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് ജൂറി വിലയിരുത്തി.
ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗ്ഗാത്മകതയുമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ ശ്രദ്ധേയ സാന്നിധ്യമായി അദ്ദേഹം മാറി. നോവൽ, ചെറുകഥ, കവിത, ശാസ്ത്ര ലേഖനങ്ങൾ-എന്നിങ്ങനെ വ്യത്യസ്തമേഖലകളിൽ വ്യാപരിക്കുമ്പോഴും ഇവയെയെല്ലാം കൂട്ടിയിണക്കുന്ന മൗലികമായൊരു തത്വശാസ്ത്രം അദ്ദേഹത്തിന്റെ രചനകളിൽ നിരന്തരം പ്രവർത്തിക്കുന്നുണ്ട്. പുതിയകാലത്തിൻ്റേതെന്നപോലെ വരുംതലമുറയുടെ കൂടി എഴുത്തുകാരനാണദ്ദേഹം.
ജൂറിയുടെ പ്രധാന നിരീക്ഷണങ്ങൾ:
- സർവാംഗം കവിയാണ് മേതിൽ രാധാകൃഷ്ണൻ. കവിതയെഴുതുമ്പോൾ മാത്രമല്ല, കഥയോ ഉപന്യാസമോ നോവലോ ഒരു ചെറുകുറിപ്പോ എന്തുമെഴുതുമ്പോഴും മേതിൽ കവിയാണ്.
- അപൂർവ നിമിഷങ്ങളുടെയും നിഗമനങ്ങളുടെയും കവിയായ അദ്ദേഹം ചെറുകഥയിലെ ആർക്കിടെക്റ്റാണ്.
- ഉരുകിയ മെഴുകുതിരിയിൽ കന്യകയുടെ ശിരോവസ്ത്രവും ഒച്ചിൻതോടിൽ ബുദ്ധദേവാലയവും ദർശിക്കുന്ന കാളിദാസീയത അദ്ദേഹത്തിന്റെ രചനകളിലുണ്ട്.
- ‘സംഗീതം ഒരു സമയകലയാണ്’, ‘ഹിച്ച്കോക്കിൻ്റെ ഇടപെടൽ’, ‘കയറിൻ്റെ അറ്റം’, ‘നായകന്മാർ ശവപേടകത്തിൽ’, ‘മെലിഞ്ഞവരുടെ മനശ്ശാസ്ത്രം’, ‘എങ്ങനെയൊരു പഴുതാരയെ കൊല്ലാം’ തുടങ്ങി മേതിലിനല്ലാതെ പണിയാനാവാത്ത ബഹുനിലകളുള്ള മായാമന്ദിരങ്ങളാണ് അദ്ദേഹത്തിൻ്റെ കൃതികൾ.
- ലോകകവിത, തത്വചിന്ത, പരിസ്ഥിതി, സംഗീതം, നരവംശശാസ്ത്രം, ചരിത്രം, ഷഡ്പദവിജ്ഞാനീയം തുടങ്ങിയവയിലുള്ള അഗാധമായ താത്പര്യം അദ്ദേഹത്തിൻ്റെ ഉപന്യാസങ്ങളെ സവിശേഷമാക്കുന്നു.
- മലയാളത്തിന് പുതിയൊരു കാവ്യഭാഷാക്രമം സൃഷ്ടിച്ച എഴുത്തച്ഛൻ്റെ പേരിലുള്ള ഈ പുരസ്കാരത്തിന്, പതിറ്റാണ്ടുകളായി ഭാഷയിൽ നവക്രമം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മേതിൽ രാധാകൃഷ്ണൻ പൂർണ്ണ അർഹനാണെന്നും ജൂറി വ്യക്തമാക്കി.
- അഭിരുചികളെ നിരന്തരം നവീകരിക്കാൻ അനുവാചകരെ പ്രേരിപ്പിക്കുന്ന മേതിൽ കൃതികൾ, മലയാളത്തിൻ്റെ സാഹിത്യഭാവുകത്വത്തിൽ വലിയൊരു വിച്ഛേദമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും വിലയിരുത്തപ്പെട്ടു.
മേതിൽ രാധാകൃഷ്ണൻ (ജീവചരിത്രം):
- ജനനം: 1944 ഓഗസ്റ്റ് 24-ന് പാലക്കാട് ജില്ലയിലെ ആലത്തൂർ പുതിയങ്കത്ത്.
- മാതാപിതാക്കൾ: പിതാവ് – പാറക്കാട്ട് ഗോവിന്ദ മേനോൻ, മാതാവ് – മേതിൽ കമല.
- വിദ്യാഭ്യാസം: ചിറ്റൂർ ഗവൺമെൻ്റ് കോളെജിലും തൃശ്ശൂർ കേരളവർമ്മ കോളെജിലും.
- ഔദ്യോഗിക ജീവിതം: ഒരു നോർവീജിയൻ ഷിപ്പിംഗ് സ്ഥാപനത്തിന്റെ കംപ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും നെസ്റ്റ് സോഫ്റ്റുവെയർ യു എസ് എയുടെ മദ്രാസ് ശാഖയിൽ സീനിയർ സാങ്കേതികലേഖകനായും ദീർഘകാലം പ്രവർത്തിച്ചിരുന്നു.
- പ്രധാന കൃതികൾ: സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, പെൻഗ്വിൻ, ഡിലൻ തോമസിൻ്റെ പന്ത്, നായകന്മാർ ശവപേടകങ്ങളിൽ, സംഗീതം ഒരു സമയകലയാണ്, മേതിൽ കഥകൾ, മേതിൽ കവിതകൾ, രോമം, ദൈവം മനുഷ്യൻ യന്ത്രം, ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം, ആൽബട്രോസിൻ്റെ കരച്ചിൽ, മൂന്നുവര, ഭൂമിയെയും മരണത്തെയും കുറിച്ച്, സൂര്യമത്സ്യത്തെ വിവരിക്കൽ, ചൂണ്ടുന്ന എലി ചൂണ്ടെലി, ഇവിടെ ഒരു വവ്വാൽ ഇല്ല, സീബ്ര ക്രോസിംഗ്, പെൻഗ്വിൻ.
- കുടുംബം: ജീവിതപങ്കാളി – പരേതയായ പ്രഭാവതി; മക്കൾ – പരേതയായ ജൂൺ, ജൂലിയൻ.
മേതിൽ രചനകളിൽനിന്ന് (ഉദ്ധരണികൾ):
സൂര്യവംശം: സത്യത്തെ പരസ്യമായി പ്രദർശിപ്പിക്കാതിരിക്കുന്നത്, സത്യത്തിന്റെ ഔഷധവീര്യത്തെ ക്യാഡ്യൂളുകളിൽ ഒളിപ്പിച്ചുവയ്ക്കുന്നത് ഭീരുത്വമായിരിക്കാം, പാപവുമായിരിക്കാം. ഞാൻ ഒരു റിസ്റ്റ് വാച്ച് മോഷ്ടിച്ചു, ഞാൻ ഒരു രാഷ്ട്രീയനേതാവിനെ കൊന്നു, ഞാൻ ഒരു പെൺകുട്ടിയെ ഒച്ചപ്പാടൊന്നും സൃഷ്ടിക്കാതെ ബലാൽസംഗം ചെയ്തു എന്നൊക്കെ ഒരു കള്ളനോ ഒരു കൊലപ്പുള്ളിയോ ഒരു വിഷയലമ്പടനോ ലോകത്തോടു വിളിച്ചുപറയാത്തതു ശിക്ഷയെ പേടിച്ചാണ്. സത്യത്തെ ഒളിച്ചുവയ്ക്കുകയാണ് അവരും ചെയ്യുന്നത്. അവരുടെ രഹസ്യവും തീക്കനലാണ്. അത് ആത്മാവിനെ പൊള്ളിപ്പിച്ചു കൊണ്ടിരിക്കും. അതു ചിലപ്പോൾ കാലത്തിന്റെ ഭസ്മമമപടലത്തിനുള്ളിൽപ്പെട്ട് ശീതോഷ്ണങ്ങളില്ലാത്ത വെറുമൊരു കരിക്കട്ടയായിത്തീർന്നേക്കാം. പക്ഷേ, ചൂടോ വെളിച്ചമോ ഇല്ലാത്ത ഒരു വെറും കരിക്കട്ട ആത്മാവിൽ ഗർവോടെ സൂക്ഷിച്ചുവയ്ക്കാൻ പറ്റിയ കൗതുകവസ്തുവല്ല.
ഹിച്ച്കോക്കിന്റെ ഇടപെടൽ: “ഇല്ല, കുട്ടീ, എനിക്ക് ദൈവം പ്രധാനമല്ല. നിന്നെപ്പോലൊരു പെൺകുട്ടി എനിക്കു ദൈവത്തെക്കാൾ പ്രധാനമാണ്. ഈ മുടിഞ്ഞ ലോകത്തിൽ ചെടികൾക്കും പട്ടാം പൂച്ചികൾക്കുമൊപ്പം പെൺകുട്ടികളുമണ്ടെന്നത് ഒരു പുരുഷായുസ്സിലെ ഏറ്റവും വലിയ ആശ്വാസമാണ്. എന്തെന്നാൽ, ഭൂമിയുടെ ദ്രവ്യം പ്രേമമാണ്. അതല്ലെങ്കിൽ, ദൈവികതയിൽ കുളിച്ചുനിൽക്കുന്നുവെന്നു പറയപ്പെടുന്ന നക്ഷത്രങ്ങൾ വെറും ജഡഗോളങ്ങളായിത്തന്നെ അവശേഷിക്കുന്നത് എന്തുകൊണ്ട്?”
സൂര്യമത്സ്യത്തെ വിവരിക്കൽ: വിളക്കുകാലുകൾക്കു കീഴിൽ ആളുകളുടെ നിഴലുകളൊഴിയുമ്പോൾ തെരുവ് അതിന്റെ സ്വന്തം ഭയത്തിലാഴുന്നു; അതിലൂടെ സ്വന്തം ഏകാന്തത തിരിച്ചറിഞ്ഞ് ആരെയോ കാത്തുകിടക്കുന്നു. എന്തിനെയൊക്കെയോ കാത്തുകിടക്കുന്ന ചടുലമായ കാലൊച്ചകൾ, അന്യോന്യം കെട്ടുപിണയുന്ന ദ്വിമാന നിഴലുകൾ, കിതപ്പുകൾ, അലർച്ചകൾ. ബോധപൂർവമായാലും അല്ലെങ്കിലും ചാവാനായാലും കൊല്ലാനായാലും ആ ഏകാന്തതയിൽ കാൽവച്ചാൽ നിങ്ങൾ തെരുവിന്റെ ഇരയാകുന്നു. അതാണ് തെരുവിൻ്റെ ഉൺമ. ചാവുന്നവർ, കൊല്ലുന്നവർ എന്നിങ്ങനെയുള്ള വിവേചനങ്ങൾ അതിന്റെ പ്രജ്ഞയ്ക്ക് അന്യം, അപ്രസക്തം.
ഡിലൻ തോമസിന്റെ പന്ത്: എനിക്കു മണ്ണു മണത്തു. എനിക്കു വളരെ തീക്ഷ്ണമായി പലതും മണത്തു. അതു മണ്ണിൻ്റെ സുഷിരങ്ങളിൽനിന്നു മാത്രം നേരിട്ട് ശരീരത്തിലേക്കു പ്രക്ഷേപിക്കാവുന്നൊരു പേടിയായിരുന്നു. ഏറ്റവുമാഴത്തിൽ വാൽ കൊളുത്തി നിൽക്കയാൽ ഓർമ്മയെന്നതിനു പകരം ജന്മവാസനയെന്നു തോന്നിക്കുന്നത്രയും വിദൂരമായ ഓർമ്മയായിരുന്നു. ഓർമ്മകൾ തുടക്കത്തിൽ ഓർമ്മകളായി നിൽക്കുന്നു, ഞാൻ വിചാരിച്ചു. പിന്നീടവ ഒരു ബിംബത്തിന്റെയോ അനുഭൂതിയുടെയോ ചെറിയ പോറലുകളെന്ന നിലയഴിഞ്ഞ് മനസ്സിലെമ്പാടും പരന്ന് ഒരാളുടെ സ്വഭാവവും വ്യക്തിത്വവുമെല്ലാമായിത്തീരുന്നു. ഒരൊറ്റ ഓർമ്മയും മരിക്കുകയില്ലെന്ന് എനിക്കു ബോധ്യമായിരുന്നു. ഓർമ്മ അതിന്റെ രേഖാരൂപം നശിച്ച മനസ്സുതന്നെയായി മാറുന്നതിനെയാണ് നാം എന്തെന്നറിയാതെ മറവിയെന്നു പറയുന്നത്.
എഴുത്തച്ഛൻ പുരസ്കാരജേതാക്കൾ (1993 – 2025):
- ശൂരനാട് കുഞ്ഞൻപിളള (1993)
- തകഴി ശിവശങ്കരപ്പിള്ള (1994)
- ബാലാമണിയമ്മ (1995)
- ഡോ. കെ.എം. ജോർജ്ജ് (1996)
- പൊൻകുന്നം വർക്കി (1997)
- എം.പി. അപ്പൻ (1998)
- കെ.പി. നാരായണപ്പിഷാരടി (1999)
- പാലാ നാരായണൻനായർ (2000)
- ഒ.വി. വിജയൻ (2001)
- കമല സുറയ്യ (2002)
- ടി. പത്മനാഭൻ (2003)
- ഡോ. സുകുമാർ അഴീക്കോട് (2004)
- പ്രൊഫ. എസ്. ഗുപ്തൻനായർ (2005)
- കോവിലൻ (2006)
- ഒ.എൻ.വി. (2007)
- അക്കിത്തം (2008)
- സുഗതകുമാരി (2009)
- ഡോ. എം. ലീലാവതി (2010)
- എം.ടി. വാസുദേവൻനായർ (2011)
- ആറ്റൂർ രവിവർമ്മ (2012)
- പ്രൊഫ. എം.കെ. സാനു (2013)
- വിഷ്ണുനാരായണൻ നമ്പൂതിരി (2014)
- ഡോ. പുതുശ്ശേരി രാമചന്ദ്രൻ (2015)
- സി. രാധാകൃഷ്ണൻ (2016)
- സച്ചിദാനന്ദൻ (2017)
- എം. മുകുന്ദൻ (2018)
- ആനന്ദ് (2019)
- സക്കറിയ (2020)
- പി. വത്സല (2021)
- സേതു (2022)
- ഡോ. എസ്.കെ. വസന്തൻ (2023)
- എൻ.എസ്. മാധവൻ (2024)
- കെ.ജി.എസ്. (2025)
